2024 ഫെബ്രുവരി 10 നു കേരളാഹൗസിൽ കട്ടൻകാപ്പിയും കവിതയും സംഘടിപ്പിച്ച പരിപാടിയിൽ, 2023 ഡിസംബറിൽ അന്തരിച്ച ബ്രിട്ടീഷ് കവിയും, നടനും, ഗായകനും, അധ്യാപകനും ആയിരുന്ന ബെഞ്ചമിൻ സെഫനായയ്ക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളും, പരിവർത്തനങ്ങളും, അദ്ദേഹം സമൂഹത്തിനു നൽകിയ സംഭാവനകളും വളരെ വിശദമായി ശ്രീ മണമ്പൂർ സുരേഷ് അവതരിപ്പിച്ചു. വളരെയേറെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ Talking Turkeys, What Stephen Lawrence Has Taught Us എന്നീ കവിതകൾ ശ്രീ സുരേഷ് പരിചയപ്പെടുത്തി. വളരെ ശ്രദ്ധിക്കപ്പെട്ട ‘The Refugee Boy’ എന്ന നോവൽ പ്രിയവ്രതൻ പരിചയപ്പെടുത്തി. ആഫ്രിക്കൻ രാഷ്ട്രങ്ങളായ എറിട്രിയയും, എത്യോപ്യയും തമ്മിലുണ്ടായ അതിർത്തി യുദ്ധത്തിന്റെ ക്രൂരതയിൽ നിന്നും പലായനം ചെയ്ത് ഇംഗ്ലണ്ടിൽ അഭയം തേടുന്ന അലം എന്ന ബാലന്റെ ജീവിതം, ഈസ്റ്റ് ലണ്ടനിലെ മനോർ പാർക്കിനും പരിസരത്തുമായി വികസിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം. ഏതാണ്ട് മൂന്നു ലക്ഷം വർഷങ്ങൾക്കു മുൻപ് ഹോമോ സാപിയൻസ് ആഫ്രിക്കൻ വൻകരയിൽ നിന്നും ഭൂമിയുടെ ഇതര ഭാഗങ്ങളിലേക്കു കുടിയേറിയതാണ് മനുഷ്യചരിത്രം എന്ന് പഠനങ്ങൾ പറയുന്നു. ചർച്ചയിൽ മുരളീ മുകുന്ദൻ, മിഥുൻ പട്ടേൽ, സിജി, ഫ്രഡിൻ സേവ്യർ, ശ്രീകുമാർ അമ്പലക്കര എന്നിവർ പങ്കെടുത്തു.