കഥകളി വേഷ പ്രദർശനവും പഠന ശിബിരവും

കഥകളി വേഷ പ്രദർശനവും പഠന ശിബിരവും – Report
——
കലാചേതന കഥകളി കമ്പനിയുടെ സഹകരണത്തോടെ കഥകളി വേഷങ്ങളുടെ പ്രദർശനവും കഥകളി പഠന ശിബിരവും മലയാളി അസോസിയേഷൻ ഓഫ് ദി UK യുടെ ആസ്ഥാനമായ കേരളാ ഹൗസിൽ ജൂൺ എട്ടാം തീയതി ശനിയാഴ്ച സംഘടിപ്പിച്ചു. ഉച്ചയ്‌ക്കു പന്ത്രണ്ടു മണിമുതൽ ആരംഭിച്ച പ്രദർശനം കാണാൻ ധാരാളം കലാ കുതുകികയും പൊതുജനവും എത്തിയിരുന്നു. പച്ച, കരി, താടി, മിനുക്കു വേഷങ്ങളോടെയൊപ്പം മോഹിനിയാട്ടത്തിന്റെയും, ഭരതനാട്യത്തിന്റെയും സമ്പൂർണ്ണ വേഷ-ചമയങ്ങൾ പ്രദർശനത്തിനു വച്ചിരുന്നു. പ്രശസ്ത കഥകളി നടനായ കലാമണ്ഡലം വിജയകുമാറും, സ്ത്രീകളിൽ ആദ്യത്തെ ചുട്ടി കലാകാരിയായ കലാമണ്ഡലം ബാർബറ വിജയകുമാറും ചേർന്നു നയിച്ച പഠന ശിബിരത്തിൽ നാല്പതോളം വ്യക്തികൾ പങ്കെടുത്തു. കഥകളിയുടെ സംക്ഷിപ്ത ചരിത്രം, പ്രത്യേകതകൾ, ഹസ്ത മുദ്രകൾ, ഭാവങ്ങൾ, വേഷങ്ങൾ എന്നിവ വിശദീകരിച്ചു. പൂതനാമോക്ഷത്തിലെ പ്രസക്തഭാഗങ്ങൾ വളരെ വിശദമായി, സാവധാനത്തിൽ അഭിനയിച്ചു-വിശദീകരിച്ചത്, കാണികൾക്ക് ഏറെ പ്രയോജനം ചെയ്തു. സാധാരണക്കാർക്ക് ദുർഗ്രാഹ്യമാണ് കഥകളി എന്ന പൊതു ധാരണ തിരുത്താൻ പോരുന്നതായിരുന്നു ഈ പഠന ശിബിരം. അടുത്തിരുന്നു കാണുന്ന പ്രേക്ഷകൻറെ ഉള്ളിലേയ്ക്ക് കഥാപാത്രത്തെ തടസ്സങ്ങളില്ലാതെ സന്നിവേശിപ്പിക്കാൻ പോരുന്ന ഏറ്റവും ശക്തമായ കലാമാധ്യമമാണ് നിറങ്ങളും, സംഗീതവും, മേളവും, നാട്യവും, നൃത്തവും, മനോധർമ്മവും സമഞ്ജസമായി സമ്മേളിക്കുന്ന കഥകളി എന്നു മനസ്സിലാക്കിക്കുന്നതായിരുന്നു ഈ പഠന ശിബിരം.

Our Sponsors

Follow us on Social Media