20. ” നിറ നിറയോ നിറ “.
” നിറകതിരിന്റെ വിസ്തൃതിയിൽ നിറകണ്ണോടെ നിൽക്കുന്ന കർഷകൻറെ കഥാവിഷ്‌കാരം ….. നെൽപ്പാടങ്ങളും , നെല്ലും നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തിൽ നെല്ലിന്റേയും , ചേറിൻറെയും ഗന്ധമുള്ള ഗൃഹാതുരത്വം നിറഞ്ഞ ഒരിതിവൃത്തത്തെയാണ് ‘ദൃശ്യകല’ ഇരുപത്തിയഞ്ചാം വാർഷിക ദിനത്തിൽ അവതരിപ്പിച്ചത് ” ….
ഒരുകാലത്ത് നെൽകൃഷിയാൽ സമൃദ്ധമായിരുന്ന
നെൽപ്പാടങ്ങളൊക്കെ ഇന്ന് ആർക്കും വേണ്ടാത്ത തരിശുഭൂമിയായി കിടക്കുന്നു . വയലുകൾ നികത്തി ഫ്ലാറ്റുകളും , മറ്റു മണിമന്ദിരങ്ങളും കെട്ടിപ്പൊക്കുന്നു . അതിന്റെ ദൂഷ്യഫലങ്ങളും , പ്രത്യാഘാതങ്ങളുമൊക്കെ നാടകകൃത്ത് പറഞ്ഞു വയ്ക്കുന്നു .
സംസ്ഥാനസർക്കാരിന്റെ ഏറ്റവും നല്ല രചനയ്ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയ അനുഗ്രഹീതനായ എഴുത്തുകാരൻ ശ്രീ . രാജൻ കിഴക്കനേല യാണ് ‘ നിറ നിറയോ നിറ ‘ എന്ന നാടകത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത് .
കർഷകനായ നെല്ലറയില്ലത്തെ നീലകണ്ഠൻ നമ്പൂതിരി എൺപതാം വയസ്സിലും നെൽകൃഷി ചെയ്യാൻ ഇറങ്ങുമ്പോൾ കൃഷിചെയ്യാനായി ആളെക്കിട്ടാതെ വരുന്നു . മദ്യപനായ മകനും , സിംഗപ്പൂരിൽ നിന്നും എത്തിയ മകളും അവരവരുടെ ഓഹരി ആവശ്യപ്പെടുമ്പോൾ അത് നല്കാൻ കൂട്ടാക്കാത്ത നീലകണ്ഠൻ നമ്പൂതിരിയോട് മക്കൾ പറയുന്നു , ഞങ്ങൾക്ക് അവകാശം എഴുതിത്തന്നില്ലെങ്കിൽ അച്ഛനെ അനാഥാലയത്തിൽ കൊണ്ടാക്കുമെന്നു . അതൊരു ഞെട്ടലോടെയാണ് അച്ഛൻ തിരുമേനി കേട്ടത് . അങ്ങനെ ഒരവസ്ഥ സങ്കൽപ്പിയ്ക്കാൻ പോലും തിരുമേനിയ്ക്കു ആകില്ലായിരുന്നു . ഒടുവിൽ അദ്ദേഹം മനസ്സില്ലാമനസ്സോടെ മക്കൾക്ക് അവരുടെ അവകാശം വിട്ടു നൽകുന്നു . മക്കൾ അത് ഇല്ലത്തെ കാര്യസ്ഥനായ കുട്ടപ്പച്ചാരുടെ പണക്കാരായ
മക്കൾക്ക് വിൽക്കുന്നു . കുട്ടപ്പച്ചർ നിലം നികത്തി ഫ്ലാറ്റുകളും , ഷോപ്പിംഗ് കോംപ്ളെക്സുകളും പണിതുയർത്തി . അപ്രതീക്ഷമായി പണം കൈയിൽ വന്നപ്പോൾ കുട്ടപ്പച്ചാർ ക്ക് അഹങ്കാരവും കൂടിക്കൂടി വന്നു . നെല്ലറയില്ലത്തെ കൃഷികൊണ്ട് കഴിഞ്ഞുപോന്ന കുട്ടപ്പച്ചാർ നീലകണ്ഠൻ നമ്പൂതിരിയെ വകവയ്ക്കാതായി .
തിരുമേനിയുടെ മക്കളും അദ്ദേഹത്തെ അനുസരിക്കാതെയായി …. ഒരാശ്വാസവാക്കു പറയാൻ ആരുമില്ല , തീർത്തും ഒറ്റപ്പെട്ട അവസ്ഥ . അതിനിടയിൽ അപ്രതീക്ഷമായുണ്ടായ ഭൂമികുലുക്കത്താൽ ഫ്ലാറ്റുകളും , മറ്റു കെട്ടിടങ്ങളും നിലം പൊത്തുകയും കുട്ടപ്പച്ചാർ പഴയ കാര്യസ്ഥപ്പണിയിലേയ്ക്ക് തിരിച്ചുപോവുകയും ചെയ്തു .
ഇതിനിടയിൽ തിരുമേനിയുടെ മകൻ വിഷമദ്യം കഴിച്ചു കാഴ്ചനഷ്ടപ്പെട്ടു വീട്ടിലുമായി . നെൽകൃഷി നഷ്ടപ്പെട്ടതിൽ മനംനൊന്ത് നീലകണ്ഠൻ നമ്പൂതിരി ഈ ലോകത്ത് നിന്നും യാത്രയാവുകയും ചെയ്തു .
അവസാനം ചെയ്തതെല്ലാം തെറ്റായിപ്പോയി എന്ന് കുട്ടപ്പച്ചാരും തിരുമേനിയുടെ മക്കളും തിരിച്ചറിയുകയും പ്രായശ്ചിത്തമെന്നോണം വിൽക്കാതെ ഇട്ടിരുന്ന പാടത്ത് വീണ്ടും നെൽകൃഷിചെയ്യാനായി ഇറങ്ങുമ്പോൾ ‘ നിറ നിറയോ നിറ ‘ യ്ക്ക് തിരശ്ശീലയും വീഴുന്നു .
ഈസ്റ്റ് ഹാമിൽ നിറഞ്ഞ സദസ്സിൻറെ മുൻപിൽ അവതരിപ്പിച്ച ഈ നാടകം നിർഭാഗ്യവശാൽ മറ്റു സ്ഥലങ്ങളിൽ അവതരിപ്പിയ്ക്കാനുള്ള ഭാഗ്യം ലഭിച്ചില്ല . ഈ നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരെ പരിചയപ്പെടുത്താം…….
അരങ്ങ് :
ബാബു , നിഹാസ് റാവുത്തർ , ജെയ്‌സൺ ജോർജ്ജ് , കീർത്തി സോമരാജൻ , ശശി .എസ് . കുളമട , ഫ്രെഡിൻ സേവ്യർ , മുരളി പിള്ള , മഞ്ജു മന്ദിരത്തിൽ , മല്ലികാ രാജൻ , ആഞ്ചെലിൻ , ജയ്പാൽ , അജിത് ….
അണിയറ :
നാടക രചന : രാജൻ കിഴക്കനേല
സംവിധാനം : ശശി .എസ് . കുളമട
ചമയം : സതീഷ് കുമാർ
രംഗപടം : ആർട്ടിസ്റ്റ് . വിജയൻ കടമ്പേരി
രംഗസജ്ജീകരണം : സുധീർ , വിജയ് ഗോപി
ശബ്ദം : ഒയാസീസ്
സംഗീത നിയന്ത്രണം : മോഹൻദാസ്
ദീപ വിതാനം : സുഭാഷ് കുമാർ പിള്ള , ശ്രീ വത്സലൻ
അവതരണം : ദൃശ്യകല (MAUK)
മാനേജർ : സുഭാഷ് വിശ്വനാഥൻ .
സഹായികൾ : ജസ്റ്റിൻ , നവാസ്