” തെയ്യം “

യു . കെ . യിലെ പ്രശസ്തനാടക സമിതിയായ ദൃശ്യകല ( M A U K ) യുടെ ഇരുപത്തിരണ്ടാമത് നാടകമാണ് തെയ്യം .

കുഞ്ഞാലിമരയ്ക്കാരുടേയും , പറയിപെറ്റപന്തിരുകുലത്തിന്റേയും , ഇടപ്പള്ളി കവികളുടേയും , അഷ്ടവൈദ്യന്മാരുടേയും , തുള്ളൽക്കഥകളുടേയും , അന്യംനിന്നുപോകുന്ന നെൽക്കൃഷിയുടേയും കഥകൾ നാടകമാക്കിയിട്ടുള്ള ദൃശ്യകല ഇക്കുറി തെയ്യം കഥകൾ നാടകവിഷയമാക്കുന്നു …….

ഉത്തരകേരളത്തിൽ പ്രചുരപ്രചാരം സിദ്ധിച്ച അനുഷ്ഠാന കലയാണ് തെയ്യം . നമ്മുടെ തനത് പ്രാക്തനസംസ്കാരത്തിന്റെ ഈടുവയ്പുകളായി നിറഞ്ഞാടുന്ന തെയ്യക്കോലങ്ങൾക്ക് പാടാനും , പറയാനും കഥകളേറെയുണ്ട് . നൂറ്റാണ്ടുകൾക്ക്മുൻപ് നിലനിന്നിരുന്ന ജന്മിത്ത അടിമത്ത വ്യവസ്ഥിതിയുടെ കരാളനീതിയിൽ ഉരുത്തിരിഞ്ഞ അളവറ്റ കണ്ണീർക്കഥകൾ .
മുച്ചിലോട്ടുഭഗവതി , മരുതിയോടൻ കുരിക്കൾ , കതിവന്നൂർ വീരൻ , മാക്കപ്പോതി , മനയിൽപ്പോതി , മാപ്പിള തെയ്യം , കാപ്പാട് ദൈവത്താർ എന്നിങ്ങനെ അസംഖ്യം തെയ്യക്കോലങ്ങളും , തെയ്യത്തോറ്റങ്ങളും കൊണ്ട് ഉത്സവരാവുകൾ നിറയ്ക്കുന്ന ഉത്തരകേരളഭൂമി ……..

ചിരപുരാതനമായ മാണിയോട്ടുമനയിലെ മൂത്തനംബൂതിരിയുടെ ഒരേയൊരു മകളായ ഉച്ചില . പതിനഞ്ചാം വയസ്സിൽ തന്നെ പേരുകേട്ട പെരിഞ്ചെല്ലൂർ ഗുരുകുലത്തിൽ നിന്നും വേദങ്ങളിലും ശാസ്ത്രങ്ങളിലും , കാവ്യാ മീമാംസകളിലും മഹാപാണ്ഡിത്യം നേടിയവൾ . ഉച്ചില ……..

ഒരിക്കൽ മഹാപണ്ഡിതനും , അറിവിന്റെ പരാപാരാവായ പേരുകേട്ട പേരെഴും പെരിചെല്ലൂർ പണ്ഡിതരോട് തർക്കശാസ്ത്രത്തിൽ എതിരിടാൻ പയ്യന്നൂർ മണിഗ്രാമത്തിൽ ആരെങ്കിലുമുണ്ടെൽ കൂട്ടിക്കൊണ്ടുവരാൻ നാടുവാഴിക്ക് കുറിമാനം കൊടുത്തയക്കുന്നു . നാടുവാഴി ഉച്ചിലയെ സമീപിച്ച് കാര്യം ബോധിപ്പിയ്ക്കുകയും ഉച്ചില പണ്ഡിതരുമായി തർക്കത്തിൽ ഏർപ്പെടാമെന്ന് സമ്മതിയ്ക്കുകയും ചെയ്യുന്നു . രയരമംഗലം സഭയിൽ വച്ച് നടന്ന തർക്കത്തിൽ നിരവധിപ്രാവശ്യം ഉച്ചില പണ്ഡിതരെ പരാജയപ്പെടുത്തുകയും ഒടുവിൽ യുക്തിവാദകൊണ്ട് ഉച്ചിലയെ പരാജയപ്പെടുത്താൻ സാധിയ്ക്കില്ലന്ന് മനസ്സിലാക്കിയ പണ്ഡിതർ ചതിയ്ക്കുന്ന ഒരു ചോദ്യത്തിലൂടെ ഉച്ചിലയെ മാനസികമായി പീഡിപ്പിയ്ക്കുകയും , അപമാനിയ്ക്കുകയും ചെയ്യുന്നു . ഒടുവിൽ സമുദായത്തിൽ നിന്നും ഭ്രഷ്ട് കല്പിച്ചു നാടുകടത്തിയ ഉച്ചില അഗ്‌നികുണ്ഠത്തിൽ വിലയംപ്രാപിയ്ക്കുകയും തെയ്യമായി ഉയർത്തെഴുന്നേൽക്കുകയും ചെയ്യുന്നു . ഉച്ചിലയാണ് മുച്ചിലോട്ടുഭഗവതി തെയ്യമായി മാറിയതെന്ന് ഐതീഹ്യം ……

പൂത്തില്ലം പെരിയതംബ്രാന്റെ അടിയനായ ആണൊരുത്തൻ കുഞ്ഞിവിരുന്തനെക്കൊതിച്ച ചെറിയക്കുട്ടി തമ്പുരാട്ടിയുടെ ആഗ്രഹത്തിന്‌ വഴങ്ങാൻ തയ്യാറാകാതിരുന്ന കുഞ്ഞിവിരുന്തനെ നൈരാശ്യവും , പകയും മൂത്ത ചെറിയക്കുട്ടി തമ്പുരാട്ടി കള്ളക്കഥയുണ്ടാക്കി തമ്പ്രാന്റെ ശിങ്കിടികളായ മല്ലന്മാരെക്കൊണ്ട് തൊഴിച്ചവശനാക്കി മരുതു മരത്തിൽ തൂക്കികൊല്ലുകയും തെയ്യമായി മാറിയ കുഞ്ഞിവിരുന്തൻ പ്രതികാരദാഹിയായിമാറുകയും തമ്പുരാനെ ചവിട്ടിക്കൊലപ്പെടുത്തുകയും ചെയ്യുന്നു . തെയ്യമായി മാറിയ കുഞ്ഞിവിരുന്തൻ മരുതിയോടാൻ കുരിക്കൾ എന്നറിയപ്പെടുന്നു .
നാടകത്തിന്റെ ആദ്യഭാഗം ഈ രണ്ടുതെയ്യങ്ങളുടെ ഉത്ഭവകഥയും , രണ്ടാം ഭാഗം തെയ്യംകെട്ട് തൊഴിലാക്കിയ ഒരുകൂട്ടം പച്ചയായ മനുഷ്യരുടേയും , തെയ്യം എന്ന അനുഷ്‌ഠാന കലയെ തന്റെ പ്രശസ്തിയ്ക്കും , ധനസമ്പാദനത്തിനുമായി ഉപയോഗിയ്ക്കുന്ന തമ്പുരാന്റെയും കഥ പറയുന്നു .

നിരവധി നാടകകലാകാരെ പരിചയപ്പെടുത്തിയിട്ടുള്ള ദൃശ്യകല ഇക്കുറി നാഷ് റാവുത്തർ , റാണി രഘുലാൽ , ശ്രേയാ മേനോൻ എന്നിവരെ പരിചയപ്പെടുത്തുന്നു . ഇവരോടൊപ്പം യു . കെ യിലെ പ്രശസ്തരായ ബാബു സൈമൺ , ജെയ്‌സൺ ജോർജ്ജ് , കീർത്തി സോമരാജൻ , ജെയിൻ . കെ . ജോൺ , ജിതിൻ , വി . മുരളീധരൻ , വക്കം . ജീ . സുരേഷ്‌കുമാർ , നിഹാസ് റാവുത്തർ , ശ്രീ വത്സലൻ , സുനിത് സുരേന്ദ്രൻ , മഞ്ജു മന്ദിരത്തിൽ , ബീനാപുഷ്കാസ് , ബിറ്റു തോമസ് , പ്രീനാ പിളള , എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു .
സംഗീതം പ്രണവം മധു , സംഗീത നിയന്ത്രണം ജോയി ഗോപി , രംഗശില്പം വിജയൻ കടമ്പേരി , രംഗസജ്ജീകരണം ജസ്റ്റിൻ സൈമൺ , സാംബശിവൻ , ദീപവിതാനം സുഭാഷ് കുമാർ , ശബ്ദം അപ് ബീറ്റ്‌സ് ലണ്ടൻ , ശബ്ദ നിയന്ത്രണം ജീസൺ കടവിൽ , റിക്കോർഡിങ് രാജീവ് ശിവ , നാടക മാനേജർ ശ്രീവത്സലൻ പിള്ള , തെയ്യക്കോലം നിർമ്മാണം : ആർട്ടിസ്റ്റ് . ഏ . ജീ . കുളമട , തെയ്യം കെട്ടുന്നവർ : ഡോണ , സ്നേഹ സുദേശൻ
നാടകരചന : രാജൻ കിഴക്കനേല , സംവിധാനം : ശശി . എസ് . കുളമട …….

Our Sponsors